ജമ്മു: നാലുവര്‍ഷത്തിനുശേഷം ജമ്മുവിലെ അംഭല്ല ജയിലില്‍നിന്ന് ജതന് കേരളത്തിലേക്കുവിളിച്ചു. മറുതലയ്ക്കല്‍ ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോള്‍ വിട്ടുപിരിഞ്ഞ മകളും. കശ്മീരിലെ ജയിലുകളില്‍ ആദ്യമായി തടവുകാര്‍ക്ക് ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെയാണ് ജതന് കുടുംബവുമായി സംസാരിക്കാനായത്.
നാട്ടിലെ സ്വര്‍ണവ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതന് ജമ്മുവില്‍ അറസ്റ്റിലായത്. ജയിലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി നാട്ടിലേക്കു വിളിക്കാന്‍ അവസരം ലഭിച്ചത് ജതനാണ്.
കേരളത്തിലെ പ്രളയകാലത്ത് കുടുംബത്തിന്റെ അവസ്ഥയെന്തെന്നറിയാതെ ഏറെ വിഷമിച്ചിരുന്നെന്നും നാളുകള്‍ക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജതന് പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്തു.