ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്കു പോയെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എന്‍എസ് യുഐ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു തരൂര്‍ മോദി സ്തുതിയില്‍ വിശദീകരണത്തിനു മുതിര്‍ന്നത്.
ഞാന്‍ മോദിയെ സ്തുതിക്കുകയല്ല ചെയ്തത്. 2014, 2019 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു 19 ശതമാനം വോട്ടാണു ലഭിച്ചത്. മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്കു 2014-ല്‍ 31 ശതമാനവും 2019-ല്‍ 37 ശതമാനവും വോട്ട് കിട്ടി. കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളാണു ബിജെപിക്ക് ലഭിച്ചത്. സംഭവിച്ച കാര്യങ്ങള്‍ അംഗീകരിക്കണം. തെറ്റുകളും വീഴ്ചകളും മനസിലാക്കണം, സ്വയം തിരുത്തണം- തരൂര്‍ പറഞ്ഞു.