ലക്നൗ: ക്ഷേത്രത്തിനടുത്ത് വെച്ച് മാംസം കഴിച്ചെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. പ്രതികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ടെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു.
മരിച്ച പ്രവീണ്‍ ക്ഷേത്രത്തിനടുത്തിരുന്ന് സോയബീനും റൊട്ടിയും കഴിക്കുകയായിരുന്നു. ഇതുകണ്ട് മാംസമാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്നംഗ സംഘം പ്രവീണിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചത്. വടിയും കല്ലുകളും കൊണ്ടുള്ള ആക്രമണത്തില്‍ യുവാവിനും സുഹൃത്തുക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.അക്രമി സംഘം മദ്യപിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.
മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളില്‍ പ്രധാനിയായ നിധിന് സൈന്യത്തില്‍ ജോലിചെയുന്നയാളാണെന്നും പൊലീസ് അറിയിച്ചു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാള്‍. ആകാശ്, അശ്വനി എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍.
കൊല്ലപ്പെട്ട പ്രവീണ്‍ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും തൂപ്പുകാരനായി ജോലിചെയ്യുന്ന ആളായിരുന്നു.