അഞ്ച് പേര് ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആഢംബര കാറില്‍ കയറ്റി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 18കാരനായ ഒരാള്‍ പിടിയില്‍. ഹൈദരാബാദില്‍ ജൂബിലി ഹില്‍സിലെ പബ്ബിന് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 17 വയസുള്ള പെണ്‍കുട്ടിയെ ഉപപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മെയ് 31നാണ് പെണ്‍കുട്ടിയുടെ അച്ഛന് പൊലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരവും ഐപിസി 376 ഡി അനുസരിച്ചും കേസെടുത്തിരുന്നെന്ന് ഹൈദരാബാദ് പൊലീസ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയെല്‍ ഡെവിസ് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തെലങ്കാനയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് കേസിലെ പ്രതികളെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അഞ്ച് പേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാളാണ് പിടിയിലായത്. അഞ്ച് പ്രതികളില്‍ മൂന്ന് പേര് പ്രായ പൂര്ത്തിയാവാത്തവരാണ്. പ്രായ പൂര്‍ത്തിയാകത്ത മറ്റൊരു പ്രതിയെ രാത്രി സമയമായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയെല്‍ ഡെവിസ് പറഞ്ഞു.
പ്രായ പൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി രാഷ്ട്രീയ നേതാവിന്റെ മകനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ നിലവില്‍ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ മകന് പ്രതിസ്ഥാനത്ത് ഇല്ല എന്നും പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ടിആര്‍എസിന്റേയും എഐഎംഐഎമ്മിന്റേയും നേതാക്കളുടെ മക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് കൊണ്ടാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.