ഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയോടെ ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. അരമണിക്കൂറിന്റെ ഇടവേളയില്‍ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ ഭൂചലനമായതിനാല്‍ ജനങ്ങള്‍ ഉടന്‍ തന്നെ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും തെരുവിലേക്കിറങ്ങി. ഡല്‍ഹി മുതല്‍ ഉത്തരാഖണ്ഡ് വരെയുള്ള ഉത്തരേന്ത്യയാകെ ഭൂമി കുലുങ്ങുന്ന തരത്തിലായിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. ഉത്തരാഖണ്ഡിലെ ഖത്തിമയില്‍ പോലും പ്രകമ്പനം അനുഭവപ്പെട്ടു.
ഉച്ചയ്ക്ക് 2.25നാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.46 ആയിരുന്നു തീവ്രത. ഏകദേശം അരമണിക്കൂറിനുശേഷം ഉച്ചകഴിഞ്ഞ് 2.51 ന് വീണ്ടും ഭൂചലനം ഉണ്ടായി. 6.2 തീവ്രത അനുഭവപ്പെട്ട ഈ ഭൂകമ്പത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.