മണിപ്പൂരിൽ മൗനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ നിരന്തര ശ്രമം തുടരുന്നു എന്നും സംഘർഷം ആളി കത്തിക്കുന്നവരെ ജനം തിരസ്ക്കരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്.മണിപ്പൂർ ജനത വിദ്വേഷ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂർ ഉന്നയിച്ചാണ് ഇന്നലെ ലോക്സഭയിൽ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലെ പ്രസംഗത്തിൽ ഏറെ നേരം ഈ വിഷയം പരാമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായത്.സർക്കാർ ഓഫീസുകളിലെ പ്രവർത്തനം സാധാരണ നിലയിലായി. കോൺഗ്രസ് മണിപ്പൂരിൽ 10 തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കോൺഗ്രസിന് വസ്തുത മനസിലായി. മണിപ്പൂരിലേത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെന്ന് കോൺഗ്രസിന് മനസിലായി. 1993ൽ തുടങ്ങിയ സംഘർഷം 5 കൊല്ലം നീണ്ടു നിന്നു എന്നത് മറക്കരുത്. പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവർക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.