മുംബൈ: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 25 ഓളം പേരെ കാണാതായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 15 വീടുകൾ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങളിൽ വെളളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്.
വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. മുംബൈ താനെ പാൽഘർ എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയിൽ 42 പേർക്കാണ് ജീവൻ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളായ കുർള, ദാദർ, സയൺ, ഘാഡ്കോപ്പർ, മലാഡ്, അന്ധേരി എന്നിവിടങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. മുംബൈയിൽ 1500 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റൺവെയിൽ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങൾ മുംബൈയിൽ ഉള്ളതിനാൽ ജനങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്.