ദില്ലി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് മർദ്ദിച്ച് കൊന്നു. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ബുധനാഴ്ചയായിരുന്നു സംഭവം. നാൽപതുകാരനായ നസീർ ഖുറേഷിയാണ് മരിച്ചത്.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യ അഫ്സാരി (35)യെ നസീർ മഴു ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അഫ്സാരി മരിച്ചു. ആക്രമണത്തിൽ അഫ്സാരിയുടെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമൗർ ഗ്രാമത്തിലെ അഫ്സാരിയുടെ അമ്മ വീട്ടിലാണ് നസീർ താമസിച്ചിരുന്നത്.
അഫ്സാരിയെ ആക്രമിച്ചതിന്ശേഷം നസീർ ഓടിരക്ഷപ്പെടുന്നതിനിടെ അമ്മയും സഹോദരിയുമാണ് കൊലപാതക വിവരം നാട്ടുകാരെ വിളിച്ചറിയിച്ചത്. തുടർന്ന് ഒരു കൂട്ടം ആളുകൾ ചേർന്ന് നസീറിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ നസീർ കൊല്ലപ്പെട്ടിരുന്നു.
നസീറിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ചുറ്റും കൂടിനിന്നവരിൽ ചിലർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. നസീറിനെതിരെ കല്ലെറിയുന്നതും വടിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആറുപേർ ചേർന്നാണ് നസീറിനെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച അഞ്ചിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നസീറിന്റെയും ഭാര്യയുടെയും കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ഫത്തേപൂർ ഡിഎസ്പി ശ്രിപാൽ യാദവ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനായി ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അക്രമസാധ്യതനിലനില്ക്കുന്നതിനാല് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.