ബംഗളൂരു: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര് പോലീസ് കസ്റ്റഡിയിലെന്ന് സൂചന.
പ്രതിയെന്ന് കരുതുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് നാലു പേര് പോലീസ് കസ്റ്റഡിയിലുള്ളതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ബംഗളൂരുവിലെ കുന്ദലഹള്ളിയില്‍ പ്രശസ്തമായ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ സ്ഫോടനത്തില്‍ പത്തു പേർക്കു പരിക്കേറ്റിരുന്നു.
ഭക്ഷണം കഴിക്കാനെത്തിയ എട്ടു പേർക്കും രണ്ടു ജീവനക്കാർക്കുമാണു പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. നഗരത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് ഇവർ. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞു.
സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന അഭ്യർഥനയും മുഖ്യമന്ത്രി നടത്തി. തീവ്രത കുറഞ്ഞ ബോംബ് സ്ഫോടനമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.