പൂനെ: പാവപ്പെട്ടവര്‍ക്കായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മിച്ചു നല്കിയ ഭൂരിഭാഗം വീടുകളും കുടുംബത്തിലെ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. പൂനെയിലെ ശിവാജി നഗര്‍ പോലീസ് ആസ്ഥാനത്ത് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകള്‍ക്ക് ലക്ഷക്കണക്കിന് വില വരും. കഴിഞ്ഞ 9 വര്‍ഷത്തിനിടെ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ ‘ലക്ഷപതി ദീദികള്‍’ ആയി മാറിയെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി തന്റെ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ധേഹം പറഞ്ഞു.
‘പൂനെയില്‍ മാത്രം ഏകദേശം 15000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. നഗരത്തിലെ ഇടത്തരക്കാരുടെയും പ്രൊഫഷണലുകളുടെയും ജീവിത നിലവാരത്തെക്കുറിച്ച് ഞങ്ങളുടെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നഗരത്തിന്റെ വികസനവും അതിവേഗം നടക്കുകയാണ്. 2014-ന് മുമ്പ് റെയില്‍വേ വികസനത്തിനായി ചെലവഴിച്ചതിനേക്കാള്‍ 12 മടങ്ങ് അധികമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെലവഴിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.