ന്യൂഡല്‍ഹി: മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം. മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ കലാപവുമായി ബന്ധപ്പെട്ട് മണിപ്പുരില്‍ 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 11 കേസുകള്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ലൈംഗിക പീഡനത്തിന് രജിസ്റ്റര്‍ ചെയ്തവയെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി ലഭിക്കുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. തങ്ങളെ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസ് ആണെന്ന് ലൈംഗികപീഡനത്തിന് ഇരയായ കുക്കി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പോലീസുകാര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതിലും പ്രതികളെ കണ്ടെത്താന്‍ പോലും ശ്രമം ഉണ്ടായില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നല്കിയ കണക്കുകള്‍ അവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.