മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തശേഷം ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന് സഞ്ജയ് റൗത്തിന്റെ വസതിയില്‍ നിന്നും 11.5 ലക്ഷം രൂപയും മറ്റ് നിര്‍ണ്ണായക രേഖകളും കണ്ടെടുത്തതായി ഇഡി അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാമ്പിലെ പ്രമുഖനും പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ് സഞ്ജയ് റാവുത്ത്.
ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ ഭാണ്ഡൂപ്പിലെ മൈത്രി എന്ന വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴിനുതന്നെ എത്തി പരിശോധന ആരംഭിച്ചിരുന്നു. ഇതിനുശേഷമാണ് ചോദ്യംചെയ്യല്‍ ആരംഭിച്ചത്. ഗോരേഗാവിലെ താമസകേന്ദ്രമായ പത്രചാലിലെ വീടുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇ.ഡി. കേസിലേക്ക് നയിച്ചത്. പത്രചാല്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടി രൂപയുടെ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മാതാവ് പ്രവീണ്‍ റാവുത്ത് അറസ്റ്റിലായിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഏപ്രിലില്‍ സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന്റെയും കൂട്ടാളി സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന് ഞായറാഴ്ച ഇ.ഡി. റെയ്ഡിനിടെ സഞ്ജയ് റാവുത്ത് ട്വിറ്ററില്‍ കുറിച്ചു. ശിവസേനയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നടപടിയെന്നും പ്രവര്‍ത്തകര്‍ ജാഗരൂകരാവണമെന്നും പാര്‍ട്ടിയധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു