മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത് ഇന്റലിജൻസ് പിഴവുകളാണെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി സുബോധ് ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച്ചയാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മുംബൈയിൽ മാധ്യമങ്ങളെ കണ്ട സുബോധ് ജയ്സ്വാൾ വ്യക്തമാക്കി.
തീർത്തും ഹീനമായ ഒരു ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ആക്രമണം നടന്ന സ്ഥലത്തേക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ എത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച കൃത്യവും വിശദവുമായ വിവരങ്ങൾ അൽപസമയത്തിനകം പുറത്തു വരും. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ചുട്ടമറുപടി തന്നെ നൽകും – സുബോധ് ജയ്സ്വാൾ പറയുന്നു.