കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി വീണ്ടും തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറി തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ആറുമാസമായി ഇവിടെ മാലിന്യങ്ങൾ എത്തിച്ച് കത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. തിരുപ്പൂർ പല്ലടത്താണ് സംഭവം. ഇന്നലെ രാവിലെയാണ് പാലക്കാട് നിന്നും മാലിന്യവുമായി എത്തിയ ലോറി പിടികൂടിയത്. ഫാം ഹൌസ് ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് മെഡിക്കൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കും എത്തിച്ച് കത്തിക്കുന്നത്.
നാട്ടുകാരാണ് മാലിന്യങ്ങൾ എത്തിച്ച ലോറി പിടികൂടി പൊലീസിന് കൈമാറിയത്. തമിഴ്നാട് കേരള സ്വദേശികളടക്കം മൂന്ന് പേരാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെയും പൊലീസിന് കൈമാറിയിട്ടുണ്ട്.എത്രനാളായി ഇവിടേക്ക് മാലിന്യങ്ങൾ കൊണ്ടുവരുന്നു ആരൊക്കെ തമ്മിലുണ്ടാക്കിയ കരാറാണിത് എന്താണ് വ്യവസ്ഥകൾ എന്നടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്.