നീറ്റ് പി ജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരായ സമരം പിന്‍വലിച്ച് ഡല്‍ഹിയിലെ റസിഡന്റ് ഡോക്ടേഴ്സ്. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി റസിഡന്റ് ഡോക്ടേഴ്സ് അറിയിച്ചു. ജനുവരി 6 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നവരെ കാത്തിരിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
40 ദിവസമായി സമരം തുടരുകയായിരുന്നു. സുപ്രിം കോടതി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. പിന്നാലെ സമരം ശക്തമാക്കുകയായിരുന്നു. ഇന്നലെ ഡല്‍ഹി പൊലീസ് ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടന്നു. പൊലീസ് ക്ഷമ പറയണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കാമെന്ന് പൊലീസ് ഉറപ്പ് നല്കി. ഇന്നലെ ആരോഗ്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. അതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നവംബര്‍ 27 മുതല്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സുപ്രിം കോടതി കേസിലെ സര്‍ക്കാര്‍ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡ അറിയിച്ചു.