ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ ഡല്‍ഹി ബില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ഭേദഗതി) നിയമമായി. ആംആദ്മിയുടേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടേയും ശക്തമായ എതിര്‍പ്പിനിടയിലാണ് ഡല്‍ഹി ബില്‍ നിയമമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭയില്‍ പാസാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. 2013 ല്‍ ആദ്യമായി അധികാരത്തിലെത്തിയത് മുതല്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കേജ്രിവാള് സര്‍ക്കാരിന് ഡല്‍ഹി ബില്‍ കനത്ത തിരിച്ചടിയാണ്.
ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന നിര്‍വചനം നല്കിക്കൊണ്ടുള്ളതാണ് ഭേദഗതി. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് ഇനി മുതല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണം.