ബംഗളൂരു: അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ എല്ലാ വീട്ടിലെയും ഒരു സ്ത്രീക്ക് പ്രതിമാസം 2,000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. കര്‍ണാടകയിലെ എല്ലാ സ്ത്രീകള്‍ക്കും എഐസിസി ജനറല്‍ സെക്രട്ടറി നല്കുന്ന ഉറപ്പാണിതെന്നും പ്രിയങ്ക പറഞ്ഞു.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘നാ നായികി’ കണ്വെന്ഷനില്വെച്ചായിരുന്നു പ്രഖ്യാപനം. ‘ഗൃഹ ലക്ഷ്മി’ എന്ന പേരിലുള്ള പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനപ്പെടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
മേയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ എല്ലാ വീടുകള്‍ക്കും എല്ലാ മാസവും 200 യൂണിറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പ്രഖ്യാപനം. അമിതമായ എല്‍പിജി വിലയുടെയും ഒരു സ്ത്രീ വഹിക്കേണ്ടിവരുന്ന ചെലവേറിയ ദൈനംദിന ചെലവുകളുടെയും ഭാരം കുറക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ഓരോ സ്ത്രീക്കും ലഭിക്കുന്ന ഈ വരുമാനം വിലക്കയറ്റത്തിന്റെയും കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നും 1.5 കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.