പുല്പള്ളി: പുല്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ ഭരണസമിതിയംഗവും കോണ്‍ഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം. പൗലോസിനെ (60) പോലീസ് അറസ്റ്റുചെയ്തു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയല്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
ഞായറാഴ്ച വൈകുന്നേരമാണ് പൗലോസിനെ അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡാനിയേലിന്റെ പരാതിയില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
സഹകരണവകുപ്പിന്റെ അന്വേഷണത്തില്‍ സര്‍ച്ചാര്‍ജ് നടപടിക്ക് ഉത്തരവിട്ടവരില്‍ വി.എം. പൗലോസും ഉള്‍പ്പെട്ടിട്ടുണ്ട്. 2022-ലെ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി. തട്ടിപ്പിനിരയായ രാജേന്ദ്രന് നായര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഡാനിയേലിന്റെ പരാതിയില്‍ പോലീസ് പ്രതികളെ അറസ്റ്റുചെയ്യാന്‍ തയ്യാറായത്.
വായ്പത്തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനായ സജീവന് കൊല്ലപ്പള്ളിലിനെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. എട്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് ബാങ്കില്‍ നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.