വയനാട്: മൂടക്കൊല്ലിയിലെ പന്നിഫാമില്‍ വീണ്ടും കടുവയുടെ ആക്രമണം. ശനിയാഴ്ച രാത്രി ഫാമില്‍ കയറിയ കടുവ പന്നികളെ വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുതിന്നു.
ശ്രീജിത്ത്, ശ്രീനിഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം. പതിവുപോലെ രാവിലെ പന്നിഫാമിലേക്ക് ഉടമകള്‍ വന്നപ്പോഴാണ് നാലു പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് മനസിലായത്. ഇതിനു പിന്നാലെ സമീപത്ത് പരിശോധിച്ചപ്പോഴാണ് രക്തക്കറകള്‍ കണ്ടെത്തിയത്. പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയതിന്റെ പാടുകളും ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും ഫാമിന് സമീപത്തു നിന്നും കണ്ടെത്തി.
കഴിഞ്ഞ ആറാം തീയതിയും ഫാമില്‍ കടുവയുടെ ആക്രമണമുണ്ടായിരുന്നു. അന്ന് ഇവിടുത്തെ 21 പന്നിക്കുഞ്ഞുങ്ങളെയാണ് കടുവ കൊന്നത്. ഇതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കാമറയും കൂടുകളും സ്ഥാപിച്ചിരുന്നു. നിരീക്ഷണവും നടത്തിവരികയായിരുന്നു.ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. ഇവിടെ ഇടവേളകളില്ലാതെ വീണ്ടും കടുവയുടെ ആക്രമണങ്ങളുണ്ടാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.