വയനാട് : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്ന് സിസിഎഫ് അറിയിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരുടെ വാദം. ആനയെ ഉടന്‍ വെടിവയ്ക്കുക, മരിച്ച അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, നാട്ടിലിറങ്ങുന്ന ആനകളെ വെടിവയ്ക്കാന്‍ ഉത്തരവിടുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ട് വയ്ക്കുന്നത്.
കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങയിലെ ക്യാംപിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കി. അതേസമയം, മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അജീഷിന്റെ മൃതദേഹം സബ്കലക്ടര്‍ ഓഫിസിനുമുന്നിലേക്ക് മാറ്റി. കലക്ടറെ മൃതദേഹം കാണാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. മൂന്നര മണിക്കൂറിലേറെയായി പ്രതിഷേധം തുടരുകയാണ്.