തൃശൂര്‍: പൂരങ്ങളുടെ പൂരമെന്ന് ഖ്യാതി കേട്ട തൃശൂര്‍ പൂരം ഇന്ന് നടക്കും. വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരം അരങ്ങേറുക. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. ഇന്നലെ നെയ്തലക്കാവിലമ്മ വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തിയതോടെയാണ് 48 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന പൂരാഘോഷത്തിന് തുടക്കമായത്. പൂര സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി 4100 പൊലിസുകാരെയാണ് വിന്യസിക്കുക.
രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തുക. പിന്നീട് മറ്റ് ഏഴ് ഘടകപൂരങ്ങളും ക്രമത്തില്‍ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തും. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങളെത്തുക. മഠത്തില്‍ വരവിനായി രാവിലെ എട്ട് മണിയോടെ ആനപ്പുറത്ത് പുറപ്പെടുന്ന തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലെത്തും. അവിടെ ഇറക്കി പൂജക്ക് ശേഷം പത്തരയോടെ ഭഗവതിയുടെ പ്രസിദ്ധമായ മഠത്തില്‍ നിന്നുള്ള വരവ് ആരംഭിക്കും.
പൂര സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി 4100 പൊലിസുകാരെയാണ് വിന്യസിക്കുക. വെടിക്കെട്ടിനോട് അനുബന്ധിച്ച് സമീപത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 36 ആംമ്പുലന്സുകളാണ് തയ്യാറാക്കിയിരിക്കുന്നത്. പൊലിസിന് പുറമേ 200 സിവില്‍ ഡിഫന്‍സ് വാളന്ററിയര്മാരും സുരഷക്കായുണ്ട്.
തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. മൂന്നാനപ്പുറത്താണ് മഠത്തില്‍ വരവ് തുടങ്ങുക. തുടര്‍ന്നാണ് വിശ്വപ്രസിദ്ധമായ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കുക. കൊങ്ങാട് മധുവിന്റെ പ്രമാണത്തിലാണ് ഇത്തവണ പഞ്ചവാദ്യം.
സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നതോടെ ആനകളുടെ എണ്ണം ഏഴാകും. മൂന്ന് മണിയോടെ എഴുന്നള്ളിപ്പ് നായ്ക്കനാലിലെത്തും. ഇതോടെ പഞ്ചവാദ്യം അവസാനിച്ച് മേളം തുടങ്ങും. ചേരാനെല്ലൂര്‍ ശങ്കരന് കുട്ടന് മാരാര്‍ പ്രമാണിയാകും. ആനകളുടെ എണ്ണം പതിനഞ്ചാകും. അഞ്ച് മണിയോടെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പിന്നീട് പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന് തെക്കേ ഗോപുരനട വഴി പുറത്തേക്ക് എഴുന്നള്ളും.
പാറമേക്കാവിന്റെ പൂരം പുറപ്പാട് ഉച്ചക്ക് 12 മണിയോടെയാണ്. പതിനഞ്ചാനപ്പുറത്ത് ഭഗവതി വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെടും. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അകമ്പടിയാകും.
രണ്ട് മണിയോടെ ക്ഷേത്ര മതിലിനകത്തെ ഇലഞ്ഞിച്ചുവട്ടിലെത്തിയാല്‍ ലോകം കാത്തിരിക്കുന്ന ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാകും. അഞ്ച് മണിയോടെ മേളം കലാശിച്ച് പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. ഈ സമയം തെക്കേ ഗോപുര നട ജനസാഗരമായി മാറിയിട്ടുണ്ടാകും. പാറമേക്കാവാണ് ആദ്യം കുടമാറ്റത്തിനായി പുറത്തിറങ്ങുക.പാറമേക്കാവിന് പിന്നാലെ തിരുവമ്പാടിയും തെക്കോട്ടിറങ്ങും.
പതിനഞ്ചാനകള്‍ തെക്കേ ഗോപുരവാതിലിന് സമീപം പാറമേക്കാവ് വിഭാഗത്തിനഭിമുഖമായി നിരക്കുന്നതോടെ കുടമാറ്റത്തിന് തുടക്കമാകും. മുപ്പത്തഞ്ചോളം സെറ്റ് കുടകളാണ് ഇരുവിഭാഗവും മാറുക. കുടമാറ്റം പൂര്‍ത്തിയായി ഇരുഭഗവതിമാരും മടങ്ങുന്നതോടെ രാത്രി പൂരത്തിന് തുടക്കമാകും.
രാവിലെ നടന്ന പൂരങ്ങളുടെ അതേ ആവര്‍ത്തനമാണ് രാത്രിയിലും. പാറമേക്കാവില്‍ പാണ്ടിമേളത്തിന് പകരം പഞ്ചവാദ്യം അരങ്ങേറും. ചോറ്റാനിക്കര നന്ദപ്പന് മാരാര്‍ പ്രമാണിയാകും.പൂരം കഴിയുന്നതോടെ പുലര്‍ച്ചെ ഇരുഭഗവതിമാരും പന്തലിലെത്തി നിലപാട് നില്ക്കും. ഇതോടെ വെടിക്കെട്ടിന് തുടക്കമാകും. തിങ്കളാഴ്ച രാവിലെ ഇരുഭഗവതിമാരും വീണ്ടും പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളും. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാകും.