തൃശ്ശൂർ : സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണൻ ചോദ്യം ചെയ്യലിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്.
കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
തൃശ്ശൂര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ബന്ധുക്കളുടെയടക്കം പേരില്‍ ഈ ബാങ്കിലെടുത്ത നാല് അക്കൌണ്ടുകള്‍ വഴി സതീഷ് കള്ളപ്പണം വെളിപ്പിച്ചുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി സതീഷ് കുമാറിന്റെ ഈ നാല് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിരുന്നു. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകള്‍ എത്തിയെന്നത് അടക്കമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. ഈ അക്കൗണ്ടുകള്‍ വഴി നടന്ന ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായാണ് ഇഡി അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തുന്നത്.
നേരത്തെ കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രതിനിധിയായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. വലിയ തുക ലോണെടുത്തപ്പോള്‍ അറിയിച്ചില്ലെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വെളിപ്പെടുത്തിയത്.
എല്ലാം നടത്തിയത് സിപിഐഎമ്മാണെന്നും മുതിര്‍ന്ന നേതാക്കളെ രക്ഷിക്കാന്‍ അവർ ബലിയാടാക്കിയെന്നും ലളിതന്‍ പറഞ്ഞു. കേസില്‍ സത്യം പുറത്തുകൊണ്ടുവന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായും ലളിതന്‍ പ്രതികരിച്ചു. ഇഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ലളിതന്‍ പറഞ്ഞു. മൂന്ന് പേരാണ് സിപിഐ പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യു റിക്കവറിയുടെ നോട്ടീസും വന്നിട്ടുണ്ട്.