തൃശ്ശൂര്‍: മദ്യക്കച്ചവടക്കാര്‍ക്ക് കൂടിയ വിലയ്ക്ക് മദ്യം മറിച്ചുവിറ്റ കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍. കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ മെറീഷ്, ഒല്ലൂക്കര മഠത്തില്‍ പറമ്പില്‍ ജയദേവ്, ഒല്ലൂക്കര തോണിപ്പുരയ്ക്കല്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 60 കുപ്പി മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു. തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തില്‍ സ്കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗിലുമായാണ് സംഘം മദ്യം കടത്താന്‍ ശ്രമിച്ചത്. പ്രതികളിലൊരാളായ ജയദേവ് പുത്തൂര്‍ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലയിലെ ജീവനക്കാരനാണ്. ജയദേവ് കുറേക്കാലമായി മദ്യ ഷാപ്പ് അടച്ചതിനുശേഷം മദ്യം വലിയതോതില്‍ പുറത്തുകടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
മൊത്തമായി മദ്യം വില്‍പ്പനശാലയ്ക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമ്മീഷനായി മദ്യക്കച്ചവടക്കാര്‍ നല്കിവരാറുണ്ടെന്നായിരുന്നു എന്നാണ് പിടിയിലായ മറ്റ് പ്രതികള്‍ എക്സൈസിന് നല്കിയ മൊഴി. അതേസമയം, കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പില്‍ നിന്ന് മദ്യം പുറത്തെത്തിക്കുന്നതില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.