തൃശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജിക്കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് റിപ്പോര്‍ട്ട്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്.പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് കടുത്ത വേദനയും അവശതയുമുണ്ടെന്ന് കടുവയെ പാര്‍പ്പിച്ചിരിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇതിനായി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്ഡൻ നല്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്നലെയാണ് വയനാട്ടില്‍ പിടിയിലായ കടുവയെ എത്തിച്ചത്. വനത്തിനുള്ളില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മാരകമായ മുറിവുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.