കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ.സി. മൊയ്തീനെതിരെ മൊഴി. കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മൊയ്തീന്റെ ബെനാമിയാണെന്നാണ് മൊഴി.
പ്രധാന സാക്ഷി ജിജോര്‍ ആണ് മൊയ്തീനെതിരെ മൊഴി നല്‍കിയിരിക്കുന്നത്.
മജിസ്ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്തിയ മൊഴി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ വായിക്കുകയായിരുന്നു. സതീഷ് കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇഡി മൊഴി കോടതിയില്‍ വായിച്ചത്.
സതീഷ് കുമാര്‍ ഉന്നത രാഷ്ട്രീക്കാരുടെയും ഉദ്യോഗസ്ഥരുടെയും ബെനാമിയാണ്. എ.സി. മൊയ്തീന്റെയും സിപിഎം നേതാവായ എം.കെ. കണ്ണന്റെയും ബെനാമിയായിരുന്നു സതീഷ് കുമാര്‍. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നത് സതീഷാണ്. നൂറ് രൂപയ്ക്ക് മൂന്ന് രൂപ പലിശയ്ക്ക് സതീഷ് പണം നല്‍കിയിരുന്നു. പിന്നീട് പത്ത് രൂപ പലിശയ്ക്ക് പണം നല്കി. ഇതിന്റെ ലാഭം മൊയ്തീനും കണ്ണനും നല്‍കിയിരുന്നു.
മുൻ ഡിഐജി എസ്. സുരേന്ദ്രനെതിരെയും മൊഴിയുണ്ട്. സതീഷ് ചില വസ്തു ഇടപാടിലും മറ്റ് തര്‍ക്കങ്ങളിലും മധ്യസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സുരേന്ദ്രനെ ഇടപെടുത്തുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി പോലീസുകാരെ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ലഭിക്കുന്ന ലാഭത്തില്‍ ഒരു ശതമാനം സുരേന്ദ്രനു നല്‍കിയിരുന്നുവെന്നുമാണ് ജിജോറിന്റെ മൊഴിയെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചിട്ടുണ്ടത്.