തൃശൂര്‍: വാകേരിയില്‍ പിടിയിലായ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ ക്വാറന്റൈന് സെന്ററിലെത്തിച്ചു. ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലെ സ്ഥലപരിമിതി മൂലമാണ് പുലര്‍ച്ചെ പുത്തൂരിലേക്ക് മാറ്റിയത്.
കടുവ കുടുങ്ങിയ വനംവകുപ്പിന്റെ കൂട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നിരീക്ഷണ കേന്ദ്രത്തിന്റെ കൂടുമായി ബന്ധിപ്പിച്ച് ലോക്ക് ചെയ്തിട്ടുണ്ട്. മുഖത്ത് ഗുരുതര പരിക്കുള്ളതിനാല്‍ കടുവയ്ക്ക് അടിയന്തര ചികിത്സ നല്‍കും.
തിങ്കളാഴ്ച ഉച്ചയോടെയാണ് നരഭോജി കടുവ കൂട്ടിലായത്. കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം കണ്ടതിന്റെ പരിസരത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പ്രജീഷിനെ കൊന്ന് 10 ദിവസത്തിന് ശേഷമാണ് കടുവ കൂട്ടിലായത്. സംഭവത്തിന് ശേഷം നോര്‍ത്ത് വയനാട് ഡിഎംഒ ഉള്‍പ്പടെയുള്ള വനംവകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.
കുങ്കി ആനകളെ ഉപയോഗിച്ച് വരെ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ മയക്കുവെടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വിശന്നുവലഞ്ഞ കടുവ കെണിയില്‍ പകല്‍ സമയത്ത് വന്ന് കയറിയത്.