ദുബായ് : കേരള ലളിതകലാ അക്കാദമി മുൻ ചെയര്‍മാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും ഫൈൻ ആര്‍ട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായിരുന്ന തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രഫ.
സി.എല്‍.പൊറിഞ്ചുക്കുട്ടി(91) ദുബായില്‍ അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളുകളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ദുബായ് ഗാര്‍ഡൻസില്‍ മകന്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചു വര്‍ഷമായി മകന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം.
തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിന്റെ ശില്പികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വര്‍ഷം മക്കളുടെയും കൊച്ചുമക്കളുടെയും കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു.
തൃശൂര്‍ ജില്ലയിലെ കേച്ചേരി ചിറനെല്ലൂരില്‍ 1932ല്‍ ലൂയിസ്-താണ്ടമ്മ ദമ്ബതികളുടെ മകനായി ജനിച്ച പൊറിഞ്ചുക്കുട്ടി ചിറനെല്ലൂര്‍ സെന്റ് ജോസഫ് യുപി സ്കൂള്‍, കേച്ചേരി ജ്ഞാനപ്രകാശിനി ലോവര്‍ സെക്കൻഡറി സ്കൂള്‍, കുന്നംകുളം ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ബിഎ ഇംഗ്ലീഷ് ലിറ്ററേചറില്‍ ബിരുദവും ഉദയ് പൂര് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഫൈനാര്‍ട്സില്‍ ഒന്നാം റാങ്കും ഗോള്‍ഡും മെഡലും നേടിയാണ് ഈ മേഖലയില്‍ സജീവമായത്.
1956ല്‍ മാവേലിക്കര രാജാരവിവര്‍മ സ്കൂളില്‍ ചിത്രകലാ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇതേ സ്കൂളില്‍ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ബാച്ലര് ഓഫ് ഫൈനാര്‍ട്സ് ബിരുദവും ചിത്രകലാധ്യാപനത്തില്‍ നാഷനല്‍ ഡിപ്ലോമയും ആരംഭിക്കുന്നതിന് മുൻകൈയെടുത്തത് ഇദ്ദേഹമാണ്.
കേന്ദ്ര ലളിതകലാ അക്കാദമി സെക്രട്ടറി, വൈസ് ചെയര്മാൻ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു. കൂടാതെ, നാഷനല്‍ ചിത്രകലാ ജൂറി ചെയര്മാൻ, കമ്മിറ്റി ഫോര്‍ ട്രിനാലെ ചെയര്മാൻ, ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷൻസ് അംഗം, ന്യൂഡല്‍ഹി നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ആര്‍ട് പര്‍ചേസ് വിഭാഗം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ മ്യൂസിയം, സര്‍വവിജ്ഞാനകോശം, ജവഹര്‍ ബാലഭവൻ എന്നീ സ്ഥാപനങ്ങളില്‍ ഉപദേശകസമിതി അംഗമായിരുന്നു.
അഖിലേന്ത്യാ ഫൈൻ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും ഫെല്ലോഷിപ്, രാജാ രവിവര്‍മ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും സ്വന്തമാക്കിയിരുന്നു.
സഹോദരിയുടെ പുത്രനും യുഎഇയില്‍ ബിസിനസുകാരനും എഴുത്തുകാരനുമായ മഹേഷ് പൗലോസ് രചിച്ച പൊറിഞ്ചുക്കുട്ടിയുടെ ജീവചരിത്രം ചിത്രകലയിലെ ഏകാന്ത പഥികൻ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഭാര്യ: എലിസബത്ത്. മക്കള്‍: ബൈജു(സീനിയര്‍ എഡിറ്റര്‍, ദുബായ് ഗവ. മീഡിയ ഓഫീസ്) , ആശ.മരുമക്കള്‍: കവിത, ശ്രീകാന്ത്. ചെറുമക്കള്‍: നിനാരിക, ദിവ്യാങ്ക്ഷി, ഹൃഷി, നിധി.