തൃശൂർ: സുരേഷ് ഗോപിക്ക് മൂന്നാംസ്ഥാനത്തേക്ക് പോകുന്നതിന്റെ അങ്കലാപ്പാണെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.മുരളീധരൻ. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം, അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില വീടുകളില്‍ ചെല്ലുമ്ബോള് അദ്ദേഹത്തിനോട് ഗെറ്റൗട്ട് പറയുന്നുണ്ട്. പക്ഷേ കെ. കരുണാകരന്റെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്, വീട്ടില്‍ വരുന്നത് ശത്രുക്കളാണെങ്കിലും മാന്യമായി പെരുമാറും. കെ. കരുണാകരന്റെ കെയർഓഫില്‍ പത്തുവോട്ട് കിട്ടുമെന്ന് ബിജെപി വിചാരിക്കേണ്ട. മൂന്നാം സ്ഥാനത്തേക്ക് അദ്ദേഹം പോകും. അവർ ഏതാണ്ട് പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്നും മുരളീധരൻ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി രാവിലെ കെ. കരുണാകരന്റെ ഭാര്യാസഹോദരിയുടെ വസതി സന്ദർശിച്ചിരുന്നു. അതില്‍ രാഷ്ട്രീയമില്ലെന്നും അവരോട് താൻ വോട്ട് അഭ്യർഥിച്ചിട്ടില്ലെന്നുമാണ് സന്ദർശനത്തിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്.
കെ. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിനതീതമാണെന്നും അത് തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. കരുണാകരൻ ജനകീയ നേതാവായിരുന്നുവെന്നും പാർട്ടി നേതൃത്വം അനുവദിച്ചാല്‍ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.