തൃശൂര്‍: തൃശൂര്‍ പൂരം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ തീരുമാനം എടുക്കും. നാളെ വീണ്ടും ചീഫ് സെക്രട്ടറി തല യോഗങ്ങള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പിന് തടസമാകുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിന് എടുത്തവരെ മാത്രമേ പൂരത്തിനെത്താന്‍ അനുവദിക്കു എന്ന നിബന്ധന മാറ്റണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സിന് എടുത്തവരേയും പ്രവേശിപ്പിക്കണമെന്നാണ് ഇരു ദേവസ്വങ്ങളും നിലപാടെടുത്തത്.
പാപ്പാന്മാരുടെ കാര്യത്തിലും ഇളവ് വേണമെന്നാണ് ഉയര്‍ന്ന മറ്റൊരു ആവശ്യം. എല്ലാ പാപ്പാന്മാരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിച്ചാല്‍ മാത്രമേ ആനയുമായി പൂരത്തിന് എത്താന്‍ കഴിയു എന്നാണ് നേരത്തെ എടുത്ത തീരുമാനം. എന്നാല്‍ ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ദേവസ്വം അധികൃതര്‍ മുന്നോട്ടുവച്ച ആവശ്യം.