തൃശ്ശൂര്‍: ചേലക്കര വാഴക്കോട് കാട്ടാനയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. ഷോക്കടിപ്പിച്ചു കൊന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമാസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. ആനയുടെ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. സ്ഥലം ഉടമ ഒളിവിലാണ്. ആനവേട്ടയാണോ എന്ന് പരിശോധിക്കുമെന്ന് ഡി.എഫ്.ഒ. ജയശങ്കര്‍ പറഞ്ഞു.
വാഴക്കോട് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ജഡം കണ്ടെത്തിയത്. റോഡിനോട് ചേര്‍ന്നുള്ള വീടിന് പുറകുവശത്തെ റബര്‍ തോട്ടത്തിലായിരുന്ന ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതിനെത്തുടര്‍ന്ന് ജെ.സി.ബി. എത്തിച്ച് പരിശോധ നടത്തിയപ്പോഴായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
പൂര്‍ണമായും അഴുകിയനിലയിലായിരുന്നു ജഡം. അസ്ഥിഭാഗങ്ങള്മാത്രമായിരുന്നു പുറത്തേക്കെടുക്കാന്‍ സാധിച്ചത്. രണ്ട് കൊമ്പ് പുറത്തേക്കെടുത്തു. ഇതില്‍ ഒരു കൊമ്പിന്റെ പകുതി ഭാഗം മുറിച്ചുമാറ്റിയനിലയിലാണ്. അതുകൊണ്ട് കൊമ്പ് മുറിച്ച് കടത്തിയതാണോ എന്ന കാര്യം പരിശോധിക്കുമെന്ന് ഡി.എഫ്.ഒ. വ്യക്തമാക്കി.