ഇരിങ്ങാലക്കുട: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണവും സാധനങ്ങളും കവരുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചെറുപറമ്പില്‍ മിഥുന് (31), നടവരമ്പ് ചേമ്പരത്ത് വീട്ടില്‍ സലേഷ് (28), കൊറ്റനല്ലൂര്‍ ആലേങ്ങാടന്‍ വീട്ടില്‍ അരുണ്‍ (26) എന്നിവരെയാണ് ഇരിങ്ങാലക്കുട സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍മാരായ എം.എസ്. ഷാജന്, എന്‍.കെ. അനില്‍കുമാര്‍ എന്നിവര്‍ അറസ്റ്റുചെയ്തത്.
വെളിച്ചെണ്ണക്കമ്പനിയുടെ കളക്ഷന്‍ ഏജന്റായ എസ്.എന്‍. പുരം സ്വദേശി മിഥുന് ലാലിനെയാണ് കാര്‍ സഹിതം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ മാസം നാലിന് ഇരിങ്ങാലക്കുട വള്ളിവട്ടം ബ്രാലം കെട്ടിച്ചിറ ഷാപ്പിന് സമീപത്തായിരുന്നു സംഭവം. രക്ഷപ്പെടാന്‍ ശ്രമിച്ച മിഥുന്ലാലിനെ പ്രതികള്‍ കഴുത്തിലും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ച് എടക്കുളത്ത് റോഡില്‍ത്തള്ളി. കാറിലുണ്ടായിരുന്ന 20,000 രൂപയും 60 ലിറ്റര്‍ വെളിച്ചെണ്ണയും കവര്‍ന്ന സംഘം കാര്‍ പിന്നീട് വഴിയിലുപേക്ഷിച്ചു.
പിന്തുടരാതിരിക്കാന് കാറിന്റെ നാല് ടയറുകളും കുത്തിപ്പൊട്ടിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് എടക്കുളം ചെറിയകുളത്തിനു സമീപമുള്ള പറമ്പിനോടു ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയതോടെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. പല ജില്ലകളിലും സഞ്ചരിച്ച് പോലീസ് സംഘം ശേഖരിച്ച സി.സി.ടി.വി. ദ്യശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ഇതിനിടെയാണ് പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് മനസ്സിലാക്കി.
പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതികളുടെ ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവര്‍ പ്രതികളെ തിരിച്ചറിഞ്ഞതായും പൊന്മുടിയിലേക്ക് ബസ്സില്‍ കയറ്റിവിട്ടതായും പറഞ്ഞു. അതിനുശേഷം പൊന്മുടി റൂട്ടിലുള്ള ലോഡ്ജുകള്‍ പരിശോധിച്ച അന്വേഷണസംഘം വിതുരയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ പിടികൂടുകയായിരുന്നു.
കൊലപാതകശ്രമം, കുഴല്‍പ്പണക്കവര്‍ച്ച അടക്കം എട്ട് കേസുകളില്‍ പ്രതിയാണ് മിഥുന് മോഹന്‍. കൊലപാതകശ്രമമടക്കം നാലു കേസുകളില്‍ സലേഷും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കേസിലെ നാലാംപ്രതി സഞ്ജു (25), ആറാം പ്രതി മനീഷ് (32) എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍കൂടി പിടിയിലാകാനുണ്ട്. അന്വേഷണസംഘത്തില്‍ എസ്.ഐ.മാരായ സി.എം. ക്ലീറ്റസ്, കെ.ആര്. സുധാകരന്, പോലീസുകാരായ രാഹുല്‍ അമ്പാടന്‍, ഷംനാദ്, വി.ബി. സബീഷ്, വിപിന്‍ വെള്ളാപറമ്പില്‍ എന്നിവരും ഉണ്ടായിരുന്നു.