തിരുവനന്തപുരം; കാല്പന്തുകളിയില് കേരളത്തിന്റെ അഭിമാനതാരമായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ഒളിമ്പ്യന്‍ ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി രൂപം കൊടുത്ത പദ്ധതിയായ കാള്‍ കൂള്‍ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്. ബിന്ദുവാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഈയടുത്ത കാലത്താണ് അന്തരിച്ചത്. ഡിമെന്ഷ്യകൊണ്ടുള്ള രോഗപീഡ കാരണം ഏതാണ്ട് പത്ത് വര്‍ഷത്തോളം അതിന്റെ ചികിത്സയിലുമായിരുന്നു. അതിന്റെ പീഡാനുഭവം ഉള്‍ക്കൊണ്ടുകൊണ്ട് , മാനസികാരോഗ്യമേഖലയില്‍ പരമാവധി പേര്‍ക്ക് ആശ്വാസമെത്തിച്ച് ഒളിമ്പ്യന്‍ ആദരമര്‍പ്പിക്കാനാണ് മകനുള്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ കാള്‍ കൂള്‍ പദ്ധതി ആരംഭിച്ചത്.
‘കാള്‍ കൂള്‍’ എന്ന് പേരിട്ട്, വലിയ പ്രചാരണമൊന്നും ഇല്ലാതെ ഏതാനും മാസങ്ങളായി പദ്ധതി നടന്നുവരുകയായിരുന്നു. അതിപ്പോള്‍ പ്രതീക്ഷിച്ചതിനുമപ്പുറമായി, വലിയൊരു ചികിത്സകശൃംഖലയെത്തന്നെ അണിനിരത്തേണ്ട നിലയിലെത്തി. കോവിഡ് സാഹചര്യവും അഥിനൊരു കാരണമായി. സാമൂഹികമായ ആവശ്യത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടതോടെ, പദ്ധതി ഔപചാരികമായിത്തന്നെ തുടക്കംകുറിക്കാന്‍ തീരുമാനിച്ചതോടെയാണ് മന്ത്രി ആര്. ബിന്ദുവിനെ കൊണ്ട് ഔ?ദ്യോഗികമായി തുടക്കം കുറിപ്പിച്ചത്.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയില്‍ ഇടപെടാനാണുന്നതാണ് കാള്‍ കൂള്‍ പദ്ധതിയെന്നും , സൗജന്യമായി ടെലഫോണ്‍ കൗണ്‍സിലിംഗ് സേവനം ഇത് വഴി ലഭ്യമാകുമെന്നും പദ്ധതി ഔദ്യോഗികമായി തുടക്കം കുറിച്ച് കൊണ്ട് മന്ത്രി ആര് ബിന്ദു പറഞ്ഞു. 8929800777 എന്ന നമ്പരില്‍ വിളിച്ചാല്‍ പരിശീലനം ലഭിച്ച മനഃശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാകും. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാന്‍ അവസരമുണ്ടാക്കി, വിളിക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതാണ് പദ്ധതി.
വലിയ വിജയമാണിതെന്നാണ് ഇതുവരേക്കും ഇവരുടെയും അനുഭവം. ആവശ്യമുള്ളവര്‍ക്ക് ചികിത്സയ്ക്കുള്ള ഉപദേശവും നല്‍കും. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടായിരുന്ന ഡോ. അബ്ദുല്‍ ബാരി, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധന് ഡോ. സാഗര്‍ തങ്കച്ചന് എന്നിവര്‍ പദ്ധതിയിലുണ്ട്. പദ്ധതിയ്ക്ക് പൂര്‍ണ്ണമനസ്സോടെ പിന്‍നിരയിലുള്ളത് ചെറുപ്പക്കാരായ എന്‍ജിനീയര്‍മാരും മാനസികരോഗവിദഗ്ദ്ധരും ആതുരശുശ്രൂഷകരുമായ ഒരുകൂട്ടം സമര്പ്പിതമനസ്കരാണെന്നത് വളരെ പ്രതീക്ഷ നല്കുന്നു.
ആത്മഹത്യ പ്രതിരോധിക്കുന്നതില്‍ ടെലഫോണിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന മാര്‍ഗ്ഗം കേരളത്തില്‍ നിലവില്‍ത്തന്നെ പരീക്ഷിക്കപ്പെട്ട് വിജയം കണ്ടതാണ്. കോവിഡുണ്ടാക്കിയ മനോസംഘര്ഷങ്ങളുടെ അന്തരീക്ഷത്തില്‍, കൂടുതല്‍ പേരിലേക്ക്, പ്രത്യേകിച്ചും ക്യാമ്പസ് സമൂഹങ്ങളിലേക്ക്, ഇങ്ങനെയൊരു സഹായഹസ്തമെത്താന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. നമുക്കും കഴിയാവുന്നത്രപേരിലേക്ക് വിവരം നല്കി ഇവരുടെ സംരംഭത്തിന് കൈത്താങ്ങു നല്‍കാം.