തൃശ്ശൂര്‍: സ്ഥലത്തിന്റെ രേഖ നല്‍കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. അട്ടപ്പാടി സ്വദേശി ടി. അയ്യപ്പനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി പൂവത്തിങ്ങല്‍ അബ്ദുള്ളക്കുട്ടി നല്കിയ പരാതിയിലാണ് നടപടി.
സ്ഥലത്തിന്റെ ആര്.ഒ.ആര്. (റെക്കോഡ്സ് ഓഫ് റൈറ്റ്സ്) സര്‍ട്ടിഫിക്കറ്റിനുവേണ്ടിയാണ് അബ്ദുള്ളക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. പലതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഒടുവില്‍ വില്ലേജ് അസിസ്റ്റന്റ് സ്ഥലപരിശോധനയ്ക്കായി എത്തി. തുടര്‍ന്നാണ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ വിവരം അബ്ദുള്ളക്കുട്ടി വിജിലന്‍സ് ഡിവൈ.എസ്.പി. സി.ജി. ജിം പോളിനെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന് വിജിലന്‍സ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ അയ്യപ്പന് നല്കി. കാത്തുനില്‍ക്കുകയായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു.
എസ്.ഐ.മാരായ പി.ഐ. പീറ്റര്‍, ജയകുമാര്‍, എ.എസ്.ഐ. ബൈജു, സി.പി.ഒ.മാരായ വിബീഷ്, സൈജു സോമന്, സിബിന്, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.