തൃശൂര്‍: തിരുവില്വാമലയില്‍ സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര അടര്‍ന്നുവീണു. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ രക്ഷപെട്ടത് തലനാരിഴ്ക്കാണ്.കാട്ടുകുളത്തെ എല്‍പി സ്കൂളില്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം. പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികളുടെ ക്ലാസ് മുറിയിലെ സീലിംഗുകള്‍ അടര്‍ന്നുവീഴുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഇരുന്നത് മറുഭാഗത്തായതിനാല്‍ വലിയ അപകടം ഒഴിവായി.
ഏറെ കാലപഴക്കമുള്ള സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതി ഉയരുന്നുണ്ട്. പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പി.ടി.പ്രസിഡന്റ് വേണു.പി.നായര്‍ പ്രതികരിച്ചു.
മന്ത്രി കെ.രാധാകൃഷ്ണന്റെ മണ്ഡലത്തിലുള്ള സ്കൂളിലാണ് ദുരവസ്ഥ. 71 പ്രീ പ്രൈമറി വിദ്യാര്‍ഥികളും 196 എല്‍പി വിദ്യാര്‍ഥികളുമാണ് സ്കൂളിലുള്ളത്. പ്രദേശത്തെ നാല് സ്കൂളുള്‍ക്ക് കെട്ടിടനിര്‍മാണത്തിനായി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഈ സ്കൂളിനെ അവഗണിച്ചെന്നും ആരോപണമുണ്ട്.