തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ നിക്ഷേപകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് മാര്‍ഗം തേടി കൊച്ചിയില്‍ ഇന്ന് നിര്‍ണ്ണായക യോഗം. പ്രതിസന്ധിയിലായ മറ്റ് സഹകരണ സ്ഥാപനങ്ങളെ സഹായിക്കുന്നതും ചര്‍ച്ചയാകും. സഹകരണ മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ സഹകരണ വകുപ്പിന്റെയും കേരള ബാങ്കിന്റെയും പ്രതിനിധികള്‍ പങ്കെടുക്കും.
കരുവന്നൂരിലെ പ്രതിസന്ധി എങ്ങിനെയും പരിഹരിക്കണം, നിക്ഷേപകര്‍ക്ക് കുറച്ചെങ്കിലും പണം മടക്കി നല്‍കണം. ഇതാണ് സഹകരണമന്ത്രിയും കേരളാ ബാങ്ക് പ്രതിനിധികള്‍ , സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചയുടെ പ്രധാന അജന്‍ഡ. തകര്‍ച്ച നേരിടുന്ന മറ്റ് സഹകരണ സ്ഥാപനങ്ങളെ പിടിച്ചു നിറുത്തുന്നതും സര്‍ക്കാരിന് വെല്ലുവിളിയാണ്. സഹകരണ സെക്രട്ടറിയും റജിസ്ട്രാറും സഹകരണ വകുപ്പിലെയും കേരള ബാങ്കിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സഹകരണ സംഘങ്ങളില്‍ നിന്ന് അടിയന്തരമായി കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കുന്നതാവും പ്രധാനമായും ആലോചിക്കുക. കേരളാ ബാങ്കിലെ കരുതല്‍ ധനം സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് എത്തിക്കുന്നതിന്റെ സാങ്കേതിക തടസങ്ങളും നിയമവശവും പരിഗണനയ്ക്കുവരും.
കരുവന്നൂരില്‍ പ്രശ്ന പരിഹാരം എളുപ്പമല്ലെന്ന് സര്‍ക്കാരിനറിയാം. കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ തിരിച്ച് നല്‍കുന്നതിന് ആവശ്യമായ തുകയ്ക്ക് സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനമായി. കേരള ബാങ്കില്‍ നിന്ന് പണം എത്തുന്ന മുറയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലാണ് ഇക്കാര്യം ആലോചിക്കുന്നത്. സഹകരണ സംഘത്തിന്റെ കരുതല്‍ ധനമായതിനാല്‍ സംഘങ്ങളുടെ അനുമതിവേണം, ഒപ്പം സഹകരണ നിയമഭേദഗതിയുടെ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കണം. റിസര്‍വ് ബാങ്കും നബാര്‍ഡും ഉയര്‍ത്താനിടയുള്ള തടസം മറികടക്കുക എളുപ്പമാവില്ല. 400 ഫയലുകള്‍ ഇഡിയുടെ കൈവശമിരിക്കെ 100 കോടിയോളം രൂപയുടെ ഇടപാടെങ്കിലും പ്രതിസന്ധിയിലായെന്നും സഹകരണവകുപ്പ് പരിശോധനയില്കണ്ടെത്തിയതിനപ്പുറമൊന്നും കരുവന്നൂരില്‍ ഇഡി കണ്ടെത്തിയിട്ടില്ലെന്നും ഉള്ള വാദവും മുന്നോട്ട് വെക്കും.