തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തൃശൂരിലെത്തും. തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിക്കുന്ന മഹിളാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണു പ്രധാനമന്ത്രിയെ ത്തുന്നത്.ഉച്ചയ്ക്ക് രണ്ടിനു മോദി കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങും.
ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം രണ്ടരയോടെ സ്വരാജ് റൗണ്ടില്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തുന്ന പ്രധാനമന്ത്രിയെ ബിജെപി നേതാക്കള്‍ സ്വീകരിക്കും.
സ്വരാജ് റൗണ്ടില്‍ ആശുപത്രി ജംഗ്ഷനില്‍നിന്നു മോദിയുടെ റോഡ് ഷോ ആരംഭിക്കും. തെക്കേഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍, നായ്ക്കനാല്‍ വഴി അദ്ദേഹം വടക്കുന്നാഥക്ഷേത്ര മൈതാനിയില്‍ ഒരുക്കിയ വേദിയിലെത്തും. മോദിക്കു റോഡ്ഷോയില്‍ സഞ്ചരിക്കുന്നതിനായി ഗുജറാത്തില്‍നിന്നു ട്രക്ക് എത്തിച്ചിട്ടുണ്ട്. മൂന്നിനു മഹിളാസമ്മേളനം ആരംഭിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ വേദിയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും.നടി ശോഭന, പി.ടി. ഉഷ എംപി, ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണി, സുരേഷ് ഗോപി, മറിയക്കുട്ടി തുടങ്ങിയവര്‍ വേദിയിലുണ്ടാകും. 4.30ന് നെടുമ്പാശേരിയിലേക്കു പോകും.