തിരുവനന്തപുരം: നിയമസഭയിൽ വി ഡി സതീശനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പി വി അൻവർ. കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും അൻവർ ആരോപിച്ചു.
കോടികളുടെ അഴിമതിയാണ് സതീശൻ നടത്തിയതെന്നാണ് അൻവറിന്റെ ആരോപണം. കർണാടകയിലെയും ഹൈദരബാദിലെയും കമ്പനികളെ കൂട്ടുപിടിച്ച് സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിച്ചു. ഇതിനായി 150 കോടി സതീശന്റെ കയ്യിലെത്തിയെന്നും അൻവർ ആരോപിക്കുന്നു.
കണ്ടയിനർ ലോറികളിൽ പണം എത്തിച്ചു. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലൻസിൽ പണം കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത്.സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ പ്രതിപക്ഷം കെ റെയിലിനെതിരെ കാര്യമായ എതിർപ്പ് ഉയർത്തിയിരുന്നില്ല. എന്നാൽ പിന്നീട് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പദ്ധതിക്ക് എതിരെ കുപ്രചരണം നടത്തി. വി ഡി സതീശനായിരുന്നു ഇതിന്റെയെല്ലാം നേതാവ്. പ്രതിപക്ഷ നേതാവിന്റെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണം. ധിക്കാരിയും അഭിനേതാവുമാണ് വി ഡി സതീശൻ. വി ഡി സതീശനൊപ്പം സാമാജികനായി ഇരിക്കേണ്ടി വന്നതിൽ തല കുനിക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതി രെയും പി വി അൻവർ ആരോപണം ഉന്നയിച്ചു. കോര്‍പ്പറേറ്റ് കമ്പനികള്‍ വേണുഗോപാലുമായി ഗൂഢാലോചന നടത്തി ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ശ്രമം വിജയിച്ചാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു സതീശന് മുന്നിൽ വച്ചിരുന്ന ഓഫര്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ എത്ര പണം മുടക്കാനും കമ്പനികൾ തയ്യാറായിരുന്നുവെന്നും പി വി അൻവർ ആരോപിച്ചു.