കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും തൊഴിലാളി വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ച് തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സി.യുടെ നേതൃത്വത്തില്‍ ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വില്ലേജ് ആഫീസുകള്‍ക്കു മുമ്പിലും പൊതു ഇടങ്ങളിലും പ്രക്ഷോഭ സമരം നടത്തുന്നു. പ്രക്ഷോഭ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 1ബുധന്‍ രാവിലെ കൃത്യം10 മണിക്ക് സെക്രട്ടേറിയേറ്റ് പടിക്കല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിക്കും.
അമിത തുക ഈടാക്കുന്ന വൈദ്യുതി ബില്‍ പിന്‍വലിക്കുക, ലോക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും നല്‍കുക, തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഒരു മാസത്തെ വേതനം സഹായധനമായി അനുവദിക്കുക, പെട്രോള്‍-ഡീസല്‍ സംസ്ഥാന നികുതി ഇളവു ചെയ്യുക, തോട്ടം, മോട്ടോര്‍, ടൂറിസം മേഖലകളിലെ തൊഴിലിളികള്ക്ക് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്കരിക്കുക, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കുക, ലോക്ഡൗണ്‍ കാല സമരങ്ങള്‍ക്ക് എതിരെ എടുത്തിട്ടുള്ള കേസ്സുകള്‍ പിന്‍വലിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സമരം. തിരുവനന്തപുരം ജില്ലയില്‍ 200 കേന്ദ്രങ്ങളില്‍ പ്രക്ഷോഭ സമരം നടത്തുമെന്ന് ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്.പ്രതാപന് പറഞ്ഞു.