തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒരുക്കുന്ന കേന്ദ്ര- സംസ്ഥാന സേനാ വിഭാഗങ്ങളുടെ സുരക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട നിർണായക സുരക്ഷാ ഏകോപന യോഗം ഇന്ന്.സുരക്ഷാ വിഭാഗം ഐജിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ സിആർപിഎഫ് ബംഗളൂരു യൂണിറ്റ് കമൻഡാന്റ് അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.
സിആർപിഎഫ് ഉദ്യോഗസ്ഥർക്കു താമസിക്കാൻ രാജ്ഭവനിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസ് ഒഴിപ്പിച്ചു നല്കി. ബംഗളൂരുവില്‍ നിന്നുള്ള 45 അംഗ സിആർപിഎഫ് സംഘമാണ് ഗവർണറുടെ സുരക്ഷ ഒരുക്കുന്നത്. ഇതോടൊപ്പം കേരള പോലീസും ഗവർണർക്കു സുരക്ഷാ കവചമൊരുക്കും. വ്യക്തിപരമായ സുരക്ഷ കേന്ദ്രസേനയും പുറമേയുള്ള സുരക്ഷ കേരള പോലീസുമാകും നിർവഹിക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാകും സുരക്ഷാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുക. സഞ്ചാരപാതയിലും ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പുറമേയുള്ള സുരക്ഷയും സംസ്ഥാന പോലീസ് നിർവഹിക്കും.