തിരുവനന്തപുരം: കേരളത്തില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് ഡെങ്കിപ്പനി മൂലമുള്ള ഒരു മരണം കൂടിയുണ്ടായി.
പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
ഏത് പ്രായക്കാരിലും ഡെങ്കിപ്പനി ബാധിക്കാം എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. 1,697 ഡെങ്കി കേസുകളാണ് സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണവുമുണ്ടായിട്ടുണ്ട്.
സെപ്റ്റംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തവയില് 210 എണ്ണം എലിപ്പനി കേസുകളാണ്. ഇതുമായി ബന്ധപ്പെട്ട് ആറ് മരണവുമുണ്ടായി. ഒക്ടോബറില്‍ ഇതുവരെ സംസ്ഥാനത്ത് 1,370 ഡെങ്കി കേസുകളും 292 എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ മാസം മാത്രം അഞ്ച് പേര് ഡെങ്കിപ്പനി മൂലവും 12 പേര് എലിപ്പനി മൂലവും മരണപ്പെട്ടിരുന്നു. പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് മൂന്ന് പേരാണ് ഡെങ്കിപ്പനി മൂലം മരിച്ചത്.
മഴയ്ക്ക് പിന്നാലെ പലയിടത്തും വെള്ളക്കെട്ട് വന്നതോടെയാണ് പകര്‍ച്ചപനി കേസുകളും കൂടിയത്. രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.