തിരുവനന്തപുരം: പൊഴിയൂരില്‍നിന്ന് കാണാതായ 15 വയസുകാരനെ കണ്ടെത്തി. തമിഴ്നാട്ടിലെ കുളച്ചലുള്ള കോഴിക്കടയില്‍നിന്നാണ് ആദര്‍ശ് സഞ്ജുവിനെ കണ്ടെത്തിയത്.ഇവിടെ ജോലിക്ക് നില്‍ക്കുകയായിരുന്നു ആദര്‍ശ്. കുട്ടിയെ പൊഴിയൂര്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. ഈ മാസം 20നാണ് ആദര്‍ശ് സഞ്ജുവിനെ കാണാതായത്. സംഭവത്തില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കുട്ടി തമിഴ്നാട്ടിലേക്ക് വണ്ടി കയറിപ്പോയിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുളച്ചലില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്.
സുഹൃത്തുക്കളുമായി അടിപിടികൂടുന്നതിനിടെ മൊബൈല്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലെത്തിയാല്‍ അച്ഛന് വഴക്ക് പറയുമെന്ന് കരുതിയാണ് നാടുവിട്ടതെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.