തിരുവനന്തപുരം: നവകേരളത്തിലെ രക്ഷാപ്രവര്‍ത്തനം വിമര്‍ശിച്ച് ലത്തീന്‍ സഭ.
മുഖ്യമന്ത്രിയുടെ ‘ രക്ഷാപ്രവര്‍ത്തനം ‘പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ. നെറ്റോ.’ രക്ഷാ പ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം’ നല്കുന്ന സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമര്‍ശം. ലോകത്ത് നിരപരാധികളായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുവെന്നും ഗാസയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു.
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് നടന്ന പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പാതിരാ കുര്ബാനക്കും ക്രിസ്മസ് ശുശ്രൂഷകള്‍ക്കും കാര്‍മികത്വം വഹിച്ചു. സത്യം സൗകര്യാര്‍ത്ഥം വളച്ചൊടിക്കപ്പെടുന്നുവെന്നും രക്ഷാ പ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്കുന്ന സമൂഹത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ നേതൃത്വതം നല്കി. ഗാസയില്‍ ഉള്‍പ്പെടെ യുദ്ധങ്ങളില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തായിരുന്നു ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ ക്രിസ്മസ് പ്രഭാഷണം. വിശ്വാസികള്‍ക്ക് പുറമെ ശശി തരൂര്‍ എംപി, ബിജെപി ജില്ലാ നേതാക്കള്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരും ചടങ്ങുകള്‍ക്ക് എത്തി.