തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മലയാള സിനിമ റിലീസില്ല. കണ്ടന്റ് മാസ്റ്ററിങും സിനിമ ഒടിടിയിലേക്ക് നല്‍കുന്നതും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ നിര്‍മാതാക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം ആവശ്യപ്പെട്ട് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് സമരപ്രഖ്യാപനം. 28ന് ഫിലിം ചേംബറിന്റെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച വിളിച്ചുവെങ്കിലും പങ്കെടുക്കില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്.
നല്ല സിനിമകളും മികച്ച കലക്ഷനുമായി വ്യവസായം സജീവമാകുന്ന കാലത്താണ് സിനിമാസംഘടനകളുടെ തമ്മിലടി. 42 ദിവസത്തിന് ശേഷമേ ചിത്രങ്ങള്‍ ഒടിടിയില്‍ നല്‍കുകയുള്ളു എന്ന മുന്‍ധാരണ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്നാണ് തിയറ്റര്‍ ഉടമകളുടെ ആരോപണം. രണ്ട്, നിലവില്‍ യുഎഫ്ഒ അടക്കമുള്ള കമ്പനികളുടെ ഡിജിറ്റല്‍ കണ്ടന്റ് കാണിക്കാന്‍ കഴിയുന്ന പ്രൊജക്ടുകളാണ് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളിലുമുള്ളത്.
എന്നാല്‍ നിര്‍മാതാക്കളുടെ സംഘടനയില്പെട്ട ചിലര്‍ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചതോടെ അവരുടെ കണ്ടന്റ് തിയറ്ററില്‍ നല്‍കണമെന്ന് പറഞ്ഞ് തിയറ്ററുടമകളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഈ സിനിമ കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ വിലകൂടിയ പുതിയ പ്രൊജക്ടറുകള്‍ വാങ്ങേണ്ട ഗതികേടിലാണെന്നും വ്യവസായത്തിന് ഇത് നഷ്ടമാണെന്നും ഫിയോക് ആരോപിക്കുന്നു.എന്നാല്‍ ഈ ആരോപണം നിര്‍മാതാക്കള്‍ നിഷേധിക്കുന്നു.
പുതിയതായി ആരംഭിക്കുന്ന തിയറ്ററുകളിലാണ് നിര്‍മാതാക്കളുടെ കണ്ടന്റ് മാസ്റ്ററീങ് വഴിയുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് യുഎഫ്ഒ പോലുള്ള ഇടനിലക്കാരെ ഒഴിവാക്കാനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നു.സിനിമയ്ക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിലേക്ക് പ്രശ്നം നീങ്ങിയിട്ടും ഫിലിം ചേംബറിന് പോലും നിര്‍ണായക ഇടപെടല്‍ നടത്താന്‍ കഴിയാത്ത തരത്തില്‍ തിയറ്ററുടമകളും നിര്‍മാതാക്കളും അവരവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.