തിരുവനന്തപുരം : സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ താളം തെറ്റി കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി. ഒക്ടോബര്‍ ഒന്നുമുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് ഉളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്. ഇതിനിടെ ആശുപത്രികള്‍ക്ക് കൊടുക്കാനുളള 300 കോടിയില്‍ 104 കോടി സര്‍ക്കാര്‍ അനുവദിച്ചു. പാവപ്പെട്ട രോഗികളോടുളള കാരുണ്യം അവസാനിപ്പിക്കുകയാണ് സ്വകാര്യ ആശുപത്രികള്‍. മാസങ്ങളായി കിട്ടാനുളള മുന്നൂറ് കോടിയോളം രൂപയുടെ കുടിശികയാണ് കാരുണ്യ പദ്ധതിയില്‍ നിന്നുളള പിന്മാറ്റത്തിനു കാരണം. 42 ലക്ഷത്തിലധികം കുടുംബങ്ങളുടെ ചികില്‍സയാണ് വഴിമുട്ടുന്നത്.
പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയാണ് ആദ്യം കാരുണ്യ പദ്ധതി വഴിയുളള ചികില്‍സയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചത്. സ്വകാര്യ ആശുപത്രികളെല്ലാം ഒന്നാം തീയതി മുതല്‍ സര്‍ക്കാരിനെ പിന്മാറ്റം അറിയിച്ചിട്ടുണ്ട്. നേരത്തെ 400 ലേറെ ആശുപത്രികളില്‍ പദ്ധതിയില്‍ അംഗങ്ങളായിരുന്നത് 350 ആയി കുറഞ്ഞു. ചികില്‍സയ്ക്കെത്തുമ്പോള്‍ മാത്രമാണ് പല ആശുപത്രികളിലും പദ്ധതി ലഭ്യമല്ലെന്ന് രോഗികളറിയുന്നത്. 104 കോടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സ്വകാര്യ ആശുപത്രികള്‍. പുതുക്കിയ ചികില്‍സാ പാക്കേജ് നടപ്പാക്കണമെന്നും ആശുപത്രി മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതും പദ്ധതിയിലെ അംഗങ്ങളുടെ ആവശ്യകത കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിന്ധിയേത്തുടര്ന്ന് ധനവകുപ്പ് തുക നല്‍കാത്തതാണ് കാരണമെന്ന് ആരോഗ്യവകുപ്പ് ഉന്നതര്‍ തന്നെ സമ്മതിക്കുന്നു.