തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന് മത്സര രംഗത്തിറങ്ങും.
തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തുവരുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്ഥിവരണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
പന്ന്യന്‍ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന് മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു. 2009 മുതല്‍ കൈവിട്ടുപോയ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയിലാണ് പാര്‍ട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.ദിവാകരനായിരുന്നു സ്ഥാനാര്‍ഥി.
വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വി.എസ്. സുനില്‍കുമാറും, മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാറുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്.ഫെബ്രുവരി 26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.