തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തോക്കുമായി യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ 11 മണിയോടെയാണ് സംഭവം. കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സമീപത്തെ കല്ലിയൂര്‍ പഞ്ചായത്ത് വരെ കനാല്‍ വെള്ളം എത്തുന്നുണ്ട്. എന്നാല്‍ രണ്ടു വര്‍ഷമായി വെങ്ങാനൂര്‍ പഞ്ചായത്തില്‍ ഇത് ലഭിക്കുന്നില്ല. ഇവിടെ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലായിരുന്നു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി.
പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ ഷോപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.