തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. വി ഡി സതീശനാണ് ഒന്നാം പ്രതി. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംഎം ഹസ്സൻ, കൊടുക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ , വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോ പാൽ , എം.വിൻസന്റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരും പ്രതികളാണ്.
അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ വഴികളും പ്രതിഷേധക്കാർ ഉപരോധിച്ചു.
‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നും യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. അടുത്തിടെ സര്‍ക്കാരിന്റെ ജനസദസ്സിനെതിരെ യുഡിഎഫും ജനകീയ സദസ്സുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ പത്തിനും 15നും ഇടയ്ക്ക് ഓരോ പഞ്ചായത്തുകളിലും പദയാത്രകളും സംഘടിപ്പിച്ചു. സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലും യുഡിഎഫ് വിമര്‍ശനം ഉന്നയിച്ചു.
സഹകരണ ബാങ്കില്‍ നടക്കുന്ന കൊള്ളയ്ക്ക് പിന്നില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണെന്നും സഹകരണ ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും യുഡിഫ് കണ്‍വീനര്‍ എംഎം ഹസ്സന് കുറ്റപ്പെടുത്തി. യുഡിഎഫ് സഹകരണ സംരക്ഷണ സമിതി ഉണ്ടാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സഹകാരി സംഗമം സംഘടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മാസപ്പടി വിവാദത്തിലടക്കം വലിയ വിമർശനമാണ് യുഡിഎഫ് ഉന്നയിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎൽഎ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്നാടൻ പരാതി നൽകിയത്.
അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്നാടന് പറഞ്ഞു. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പ്രതികരിച്ചില്ലെന്നും കുഴല്നാടന് പറഞ്ഞു.