തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്ന് ഗോവിന്ദന് പ്രതികരിച്ചു.
കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തേ തന്നെ പറഞ്ഞതാണ്. കേസിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിച്ചത് യുഡിഎഫാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്കിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി നടപടിയും കോടതി റദ്ദാക്കി.
കെ.കെ.കൃഷ്ണന്, ജ്യോതിബാബു എന്നിവരെ വെറുതേ വിട്ട വിധിയാണ് റദ്ദാക്കിയത്. ഇരുവരും 26ന് കോടതിയില്‍ ഹാജരാവണം. ഇവരുടെ ശിക്ഷ അന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതേ വിട്ട വിധി കോടതി ശരിവച്ചിരുന്നു.