തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിന്നും രണ്ടുവയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് എട്ടു മണിക്കൂർ പിന്നിടുമ്ബോള്‍ അതിർത്തികളടച്ച് അരിച്ചുപെറുക്കി അന്വേഷിച്ച് പോലീസ്.കുഞ്ഞിന്റെ സഹോദരൻ നല്കിയ മൊഴിയാണ് പോലീസിനു മുന്നില്‍ കച്ചിത്തുരുമ്പായി ഉള്ളത്.
മഞ്ഞനിറത്തിലുള്ള ആക്ടീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറില്‍ വന്ന അജ്ഞാതൻ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. സ്കൂട്ടറില്‍ രണ്ടുപേർ ഉണ്ടായിരുന്നതായി സംശയമുണ്ട്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സമീപത്ത് രാത്രിയുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് നല്കിയ മൊഴി.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. രാവിലെ സ്ഥലത്തെത്തിയ പോലീസ് നായ മണംപിടിച്ച് സംഭവസ്ഥലത്തുനിന്ന് 400 മീറ്റർ അകലെവരെ പോയിരുന്നു. ഇതിനു പിന്നാലെ സമീപത്തെ ചതുപ്പിലും പോലീസ് തിരച്ചില്‍ നടത്തി.
റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി. അയല്‍ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഏറ്റവുമധികം അതിഥിത്തൊഴിലാളികളുള്ള സ്ഥലമാണിത്. കുട്ടിയുടെ മാതാപിതാക്കളുടെ ഒപ്പമെത്തിയ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിനാണ് അന്വേഷണ ചുമതല.
ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്ബതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. തേനെടുക്കുന്ന ജോലിയെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാലു കുട്ടികളാണുള്ളത്.
പേട്ട ഓള്‍സെയിന്റ്സ് കോളജിന് സമീപം റെയില്‍വേ ട്രാക്കിനരികില്‍ സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാത്രി പന്ത്രണ്ടിനു ശേഷം കാണാതാകുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതോടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി സമീപത്ത് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് അവർ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറില്‍ അറിയിക്കണം. കണ്ട്രോള് റൂം നമ്പറായ 112ലും വിവരമറിയിക്കാം.