തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനുള്ള ബസില്‍ മന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങള്‍ പതിക്കേണ്ടെന്ന് തീരുമാനം.ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങള്‍ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ മന്ത്രമാര്‍ തന്നെ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ബസില്‍ ചിത്രങ്ങള്‍ പതിക്കണമെന്ന വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ചില മന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി.
മന്ത്രിമാരുടെ ചിത്രങ്ങള്‍ ബസില്‍ പതിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ ചിത്രങ്ങള്‍ പതിക്കുന്നതിനോടുള്ള വിയോജിപ്പ് കൂടുതല്‍ മന്ത്രമാര്‍ അറിയിച്ചു. ”നാടകവണ്ടിയാണെന്ന് തോന്നിപ്പോകും” എന്ന ഒരു മന്ത്രിയുടെ കമന്റും .
മോട്ടോര്‍ വാഹന നിയമപ്രകാരം ബസില്‍ ഇങ്ങനെ ചിത്രങ്ങള്‍ പതിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഗതാഗതമന്ത്രി യോഗത്തില്‍ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കില്‍ ബസില്‍ നിന്ന് ചിത്രങ്ങള്‍ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശിച്ചു.
ബസില്‍ ശൗചാലയമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. മന്ത്രിമാരുടെ യാത്ര ഈ ബസിലായിരിക്കും. അതുകൊണ്ടുതന്നെ മണ്ഡലത്തിലേക്ക് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ കൊണ്ടുവരേണ്ടെന്ന നിര്‍ദേശം നല്കി കഴിഞ്ഞു.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24വരെയാണ് നവകേരള സദസ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാൻ ആഡംബര സൗകര്യങ്ങളുള്ള ബസിനായി 1.05 കോടി രൂപയാണ് ചെലവിടുന്നത്. ബെൻസ് കമ്ബനിയുടെ 25 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് അനുവദിച്ചിരിക്കുന്നത്.